മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങി മുംബൈ. ജനുവരി 19-നാണ് പ്രധാനമന്ത്രി മുംബൈയിലെത്തുക. നിരവധി പരിപാടികളിൽ പങ്കുചേരാനാണ് അദ്ദേഹം എത്തുന്നത്. വിവിധ പദ്ധതികൾക്കും അദ്ദേഹം തൂടക്കം കുറിക്കും.
മുബൈയിലെ 2എ, 7 എന്നീ രണ്ടു മെട്രോ ലൈനുകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മലിനജലം കലരുന്നത് തടയാൻ പുതിയ മലിനജല ശുദ്ധീകരണ പ്ലാന്റിന് തുടക്കം കുറിക്കും. രണ്ട് ആശുപത്രികളുടെ തറക്കല്ലിടൽ കർമ്മവും അദ്ദേഹം നിർവഹിക്കും.
ബിജെപി മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ശിവ സേന വിഭാഗവും കഴിഞ്ഞ ദിവസം അവലോകന യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനങ്ങളുടെ ക്രമീകരണത്തിന്റെ ഭാഗമായി സഹ്യാദ്രി ഹൗസിൽ വച്ചായിരുന്നു ചർച്ച.
മഹാരാഷ്ട്ര സർക്കാർ ദ്രുതഗതിയിൽ ചുവടുവയ്ക്കുകയാണെന്നും പൂർത്തീകരിക്കാനുളള പദ്ധതികൾ മുൻഗണനക്രമത്തിൽ പൂർത്തിയാക്കുമെന്നും ബിജെപി നേതാവും എംഎൽഎയുമായ ആശിഷ് ഷെലാർ പറഞ്ഞു.
വരാനിരിക്കുന്ന ബിഎംസി തിരഞ്ഞെടുപ്പിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ മുംബൈ സന്ദർശനവേളയിൽ ചർച്ചയാകും. മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുളള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.
Comments