ന്യൂഡൽഹി: ഏതാനും നാളുകൾക്ക് മുമ്പായിരുന്നു എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ചത്. സംഭവം വലിയ വിവാദമാകുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിമാന യാത്രക്കാരായ പലരും മോശമായി പെരുമാറിയതിന്റെ റിപ്പോർട്ടുകൾ പുറത്തുവരികയുണ്ടായി. ഇപ്പോഴിതാ സമാനമായ ഒരു സംഭവം കൂടി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ സംഭവിച്ചിരിക്കുകയാണ്.
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിനുള്ളിലാണ് സംഭവം. ബിഹാർ സ്വദേശിയായ ജൗഹർ അലി ഖാൻ എന്നയാൾ പരസ്യമായി ടെർമിനലിൽ നിന്ന് മൂത്രമൊഴിക്കുകയായിരുന്നു. ജനുവരി എട്ടിനാണ് സംഭവം നടന്നത്. ഡിപ്പാർച്ചർ ഗേറ്റിന് സമീപം നിന്ന് മൂത്രമൊഴിച്ചതിനും സഹയാത്രികരുടെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയതിനും ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ഡൽഹിയിൽ നിന്നും സൗദി അറേബ്യയിലേക്ക് പോകാനിരുന്നയാളാണ് അറസ്റ്റിലായത്. മദ്യപിച്ച് ലക്കുകെട്ടാണ് അലി ഖാൻ മോശമായി പെരുമാറിയതെന്നാണ് വിവരം. സഹയാത്രികരോടും ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നു. തുടർന്ന് സിഐഎസ്എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പോലീസ് അലി ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പിന്നീട് ഉപാധികളോടെ ജാമ്യത്തിൽ വിട്ടയച്ചു.
Comments