ലക്നൗ: ടൂറിസം വികസത്തിൽ പുത്തൻ കുതിപ്പുമായി വാരണാസി. വാരണാസി ഗംഗാ നദിതീരത്ത് ടെന്റ് സിറ്റിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പ്രദേശത്തെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനാണ് ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്,ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
സിറ്റിഘട്ടിന് സമീപമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വാരണാസിയിൽ വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു വരുന്നതായും അവർക്കായി കൂടുതൽ പദ്ധതികൾ ആരംഭിക്കാൻ പദ്ധതിയിടുന്നതായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. വാരണാസി വികസന അതോറിറ്റിയാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്.
ടെന്റ് സിറ്റിയുടെ സമീപത്തുളള വിവിധ ഘട്ടുകളിൽ നിന്ന് വിനോദ സഞ്ചാരികൾക്ക് ഇവിടേയ്ക്ക് എത്താവുന്നതാണ്. ഒക്ടോബർ മുതൽ ജൂൺ വരെ എല്ലാ വർഷവും ടെന്റ് സിറ്റി പ്രവർത്തനമായിരിക്കും. മഴക്കാലത്ത് ജലനിരപ്പ് ഉയരുന്നതിനാൽ ഇത് പൊളിച്ചു നീക്കും. ഉത്തർപ്രദേശിലെ തദ്ദേശിയ ഉത്പന്നങ്ങൾ ഇവിടെ പ്രദർശിപ്പിക്കും. വിനോദ സഞ്ചാര മേഖല കൂടുതൽ വികസിപ്പിക്കുന്നതിനാണ് ഉത്തർപ്രദേശ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Comments