ആലപ്പുഴ: കെഎസ്ആർടിസി ബസ് ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലെ മണ്ണഞ്ചേരിയിലെ കോഴിപ്പറമ്പിൽ സിയാദ്- സഫീല ദമ്പതികളുടെ മകൾ സഫ്ന സിയാദ് (15) ആണ് മരിച്ചത്. ട്യൂഷൻ സെന്ററിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവെയാണ് അപകടം. എതിരെ വന്ന കെഎസ്ആർടിസി ബസ് സഫ്നയെ ഇടിച്ചിടുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആലപ്പുഴ- തണ്ണീർമുക്കം റോഡിൽ കോമളപുരത്ത് വച്ചായിരുന്നു അപകടം. സ്വകാര്യ ബസിലെ യാത്ര കഴിഞ്ഞിറങ്ങി കോമളപുരത്തെ ട്യൂഷൻ ക്ലാസിലേക്ക് പോകുവാൻ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു കെഎസ്ആർടിസി ഇടിച്ചത്. തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. സംഭവ സ്ഥലത്ത് വച്ച് തന്നെ സഫ്ന മരിക്കുകയായിരുന്നു.
ആലപ്പുഴ നോർത്ത് പോലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കലവൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു സഫ്ന. പ്ലസ് ടു വിദ്യാർത്ഥിയായ സഫീദ് ഏക സഹോദരനാണ്.
Comments