കൊല്ലം: നാടന്‍ തോക്കുമായി കാട്ടിൽ നായാട്ടിനിറങ്ങിയ രണ്ട് പേര് പിടിയില്‍. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. ഭരതന്നൂർ സ്വദേശികളായ യൂസഫ്, ഹസൻ അലി എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയത്. കുളത്തൂപ്പുഴ മൈലമൂട് സെക്ഷനില്‍ ഉള്‍പ്പെടുന്ന വനമേഖലയില്‍ നിന്നാണ് ഇരുവരെയും വനം വകുപ്പ് പിടികൂടിയത്.
ഡാലി വനഭാഗത്ത് മൃഗവേട്ടക്കാര്‍ എത്തിയിട്ടുണ്ടെന്ന് വനപാലകർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. വനത്തിനുള്ളില്‍ പുലർച്ച സമയത്ത് വെടിയൊച്ച കേട്ടതോടെ ഉദ്യോഗസ്ഥർ അവിടേയ്ക്ക് എത്തുകയായിരുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടതോടെ തോക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ യൂസഫിനെയും ഹസനെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പിടിച്ചെടുത്തു. റെയ്ഞ്ച് ഓഫീസര്‍ ഫസിലുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments