കാബൂൾ: പുരുഷ ഡോക്ടർമാർ സ്ത്രീകളെ പരിശോധിക്കാൻ പാടില്ലെന്ന വിലക്കുമായി താലിബാൻ. അഫ്ഗാനിസ്ഥാനിലെ ബാൽക്ക് പ്രവിശ്യയിലാണ് താലിബാൻ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക നിയമപ്രകാരം സ്ത്രീയുടെ ‘ഔറത്ത്’ പുരുഷൻ കാണാൻ പാടില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശോധനയും നടത്തുന്നുണ്ട്. സ്ത്രീകളുടെ വാർഡുകളിൽ പുരുഷ ഡോക്ടർമാർ പ്രവേശിക്കുന്നതിനും ബാൽക്ക് പ്രവശ്യയിലെ ആശുപത്രിയിൽ വിലക്കുണ്ട്. ആയതിനാൽ ആശുപത്രിയിൽ ലിംഗ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ചാണ് ചികിത്സ നൽകുന്നതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർവകലാശാലകളിൽ പെൺകുട്ടികളെ വിലക്കിയതിനെ ന്യായീകരിച്ച് താലിബാൻ രംഗത്തുവന്നിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനല്ല പകരം ശരിഅത്ത് നിയമങ്ങൾക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് താലിബാൻ വക്താവ് വ്യക്തമാക്കി. പെൺകുട്ടികൾ വിവാഹത്തിന് പോകുന്നപോലെയാണ് സർവലാശാലകളിൽ പോകുന്നതെന്നായിരുന്നു താലിബാൻ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
Comments