ചെന്നൈ: കാഞ്ചീപുരത്ത് മലയാളി പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവർ സമാന രീതിയിൽ പത്തോളം പെൺകുട്ടികളെയാണ് അക്രമിസംഘം പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഒപ്പം പഠിക്കുന്ന ആൺസൂഹൃത്തുമൊന്നിച്ച് ബെംഗളുരു-പുതുച്ചേരി ദേശീയപാതയിലെ കാഞ്ചീപുരം ഔട്ടർ റിങ് റോഡിനോടു ചേർന്നുള്ള പ്രദേശത്ത് പെൺകുട്ടി എത്തുകയായിരുന്നു. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്ന ആറംഗ സംഘം ഇരുവരെയും വളഞ്ഞു. ആൺകുട്ടിയെ അടിച്ചുവീഴ്ത്തി കെട്ടിയിട്ടു. കത്തികാട്ടി ആറുപേരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട ആൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ് സാരമായി പരിക്കേറ്റ പെൺകുട്ടിയെ സർക്കാർ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആറംഗ സംഘം പിടിയിലായത്. കാഞ്ചീപുരം സെവിലിമേട് സ്വദേശികളായ മണികണ്ഠൻ, വിമൽകുമാർ, വിഗ്നേഷ്, ശിവകുമാർ, തെന്നരസ് എന്നിവരാണ് അറസ്റ്റിലായത്. പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പ്രതികൾക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായവർ സ്ഥിരമായി പ്രദേശത്ത് എത്തുന്ന കമിതാക്കളെ ആക്രമിച്ച് പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നവരാണെന്ന് പോലീസ് അറിയിച്ചു.
Comments