മുംബൈ : മുംബൈ വിമാനത്താവളത്തിൽ 8 കിലോ സ്വർണവുമായി രണ്ട്പേർ പിടിയിൽ. അടിവസ്ത്രത്തിനുള്ളിൽ കുഴമ്പ് രൂപത്തിൽ ഒട്ടിച്ച നിലയിലാണ് സ്വർണം പിടികൂടിയത്.
മുംബൈയിൽ നിന്ന് ദുബായിലേക്ക് യാത്രചെയ്യുകയായിരുന്ന രണ്ട് പേരിൽ നിന്നാണ് അനധികൃത സ്വർണം ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 4.54 കോടി രൂപയോളം വരുന്ന 8 കിലോ സ്വർണം തന്ത്രപരമായി കടത്തുന്നതിനിടെയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്.
റവന്യൂ ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐ സംഘം വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ദുബായിൽ നിന്ന് മുംബൈയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരിൽ ഇന്ത്യയിലേക്ക് സ്വർണം കടത്തുന്ന സംഘമുണ്ടെന്നാണ് റവന്യൂ ഇന്റലിജൻസിന് ലഭിച്ച വിവരം.
സംശയം തോന്നിയ യാത്രക്കാരെ പരിശോധന നടത്തിയതിനെ തുടർന്നാണ് 8.230 കിലോ സ്വർണം കണ്ടെത്തിയത്. പ്രതികളുടെ അടിവസ്ത്രത്തിനുള്ളിൽ കുഴമ്പ് രൂപത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.
രാജ്യത്തേക്ക് സ്വർണം കടത്തുന്ന സവിശേഷ രീതിയാണ് ഡിആർഐ കണ്ടെത്തിയത്. രാജ്യത്തേക്ക് സ്വർണം കടത്തുന്നതുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഡിആർഐ അറിയിച്ചു.
Comments