അമൃത്സർ: പാക് ഡ്രോൺ വഴി ആയുധക്കടത്ത് പതിവാകുന്നു. പഞ്ചാബിലെ ഗുരുദാസ്പൂർ മേഖലയിലാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയത്. 4 ചൈനീസ് നിർമ്മിത തോക്കുകൾ, 8 മാഗസീൻ എന്നിവയും സേന ഡ്രോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. പാക് അതിർത്തിയിൽ നിന്നും സംശയാസ്പദമായ രീതിയിൽ ഡ്രോൺ വരുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നിരവധി തവണ ഡ്രോൺ പ്രദേശം വളഞ്ഞതായി സേന പറഞ്ഞു. ഇതിന് പിന്നാലെ സുരക്ഷാ സേന വെടിയുതിർക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ഗുരുദാസ്പൂരിലെ ഉച്ചതാക്കലയിലെ കൃഷിയിടത്തിൽ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. ആയുധ കള്ളക്കടത്തുകാരുടെ വൻ പദ്ധതിയാണ് സുരക്ഷാസേന തകർത്തത്.
അതേസമയം, ഈ മാസം ആദ്യം ഗുർദാസ്പൂരിലെ കലംപൂർ അതിർത്തിയിൽ നിന്നും ഡ്രോൺ കണ്ടെത്തിയിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തുടർച്ചയായി 20 തവണ വെടിയുതിർത്തതിന് പിന്നാലെയാണ് അതിർത്തിയിൽ നിന്ന് പിൻവാങ്ങിയത്.
Comments