ന്യൂഡൽഹി: ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാൽ പാകിസ്താനുമായുള്ള ചർച്ച ആലോചിക്കാമെന്ന് ആവർത്തിച്ച് കേന്ദ്രം. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സമാധാന ചർച്ചയ്ക്ക് സാധ്യതയുള്ളൂവെന്ന് പാകിസ്താൻ വിഷയത്തിൽ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി. ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാകിസ്താനുമായുള്ള ബന്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവർത്തിച്ചുകൊണ്ടാണ് ചർച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കിയത്. നല്ല അയൽ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ചർച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അരിന്ദം ബാഗ്ച്ചി ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചത്. ഇന്ത്യയുമായുള്ള യുദ്ധങ്ങൾ രാജ്യത്തെ ജനങ്ങൾക്ക് ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയുമാണ് സൃഷ്ടിച്ചതെന്നും പാക് പ്രധാനമന്ത്രി തുറന്നു പറഞ്ഞിരുന്നു. എന്നാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണത്തെ വിമർശിച്ച് പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ കശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയത് പുനഃസ്ഥാപിച്ചാൽ മാത്രം ചർച്ചയ്ക്ക് തയ്യറാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
Comments