പട്ന : 60-കാരനായ അദ്ധ്യാപകനെ മർദ്ദിച്ച് രണ്ട് വനിത കോൺസ്റ്റബിൾമാർ. ബർഹുലി സ്വദേശിയായ നവാൽ കിഷോർ പാണ്ഡൈയ്ക്കാണ് മർദനമേറ്റത്. ഭാബൂവയിലെ ജയ് പ്രകാശ് ചൗക്ക് റോഡിൽ വച്ചായിരുന്നു രണ്ട് വനിത പോലീസ് ഉദ്യോഗസ്ഥർ പാണ്ഡൈയെ മർദിച്ചത്. വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
നവാൽ കിഷോർ പാണ്ഡൈ സൈക്കിളിൽ റോഡ് മുറിച്ചു കടക്കുകയായിരുന്നു. വനിത പോലീസ് ഉദ്യോഗസ്ഥർ നിർത്തുവാൻ ആംഗ്യം കാണിച്ചു. എന്നാൽ ഇയാൾ സൈക്കിൾ നിർത്തുവാൻ തയാറായിരുന്നില്ല. കൂടാതെ പോലീസ് ഉദ്യോഗസ്ഥരോട് മറുപടിയും പറഞ്ഞു. ഇതിനെ തുടർന്ന് ഇയാൾ മോശമായി സംസാരിച്ചു എന്ന കാരണത്താലാണ് ഉദ്യോഗസ്ഥർ മർദിച്ചത്. വീഡിയോയിൽ അയാൾക്ക് നിരവധി അടിയേൽക്കുന്നതും തടുക്കുന്നതും കാണാം. തന്നെ പോകാൻ അനുവദിക്കണമെന്ന് വനിത പോലീസ് ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. ബീഹാറിലെ കൈമൂർ ജില്ലയിലാണ് സംഭവം.
സംഭവത്തെ തുടർന്ന് കൈമൂർ എസ്പി ലളിത് മോഹൻ ശർമ ഡിഎസ്പിയോട് അന്വേഷണം ആരംഭിക്കണമെന്നും 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം കൃത്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments