പാലക്കാട്: നാട്ടുകാരുടെ ഉറക്കം കെടുത്തിയ പിടി സെവൻ കൂട്ടിൽ. പാലക്കാട് ധോണിയിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്കാണ് പിടി സെവനെ മാറ്റിയിരിക്കുന്നത്. കുങ്കി ആനയാക്കി മാറ്റാനുള്ള മൂന്നു മാസത്തെ പരിശാലന ശേഷമാകും കൂട്ടിൽ നിന്നും ഇനി പുറത്തിറക്കുക.
ഇന്ന് രാവിലെ 7.15 നാണ് പിടി സെവനെ മയക്കുവെടി വെച്ചത്. ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുളള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്തെത്തി ആനയെ കണ്ടെത്തി മയക്കുവെടി വെച്ചത്. തുടർന്ന് കറുത്ത തുണികൊണ്ട് മുഖം മറച്ച ശേഷം സുരേന്ദ്രൻ, വിക്രം, ഭരതൻ എന്നീ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റുകയായിരുന്നു. കാലുകളിൽ വടംകെട്ടി പിന്നിൽ നിന്നും ഇരു വശങ്ങളിൽ നിന്നും കുങ്കി ആനകളെക്കൊണ്ട് തള്ളിയാണ് കൂട്ടിൽ കയറ്റിയത്.
ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെയിൽ സുരേന്ദ്രൻ എന്ന കുങ്കി ആനയെ പിടി സെവൻ ആക്രമിക്കാൻ മുതിർന്നിരുന്നു. ശേഷം ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ലോറിയിലേയ്ക്ക് കയറ്റുകയായിരുന്നു.
ദൗത്യ സംഘം അതി വിദഗ്ധമായാണ് പിടി സെവനെ കൂട്ടിലാക്കനുള്ള പദ്ധതി നടപ്പിലാക്കിയത്. സംഘാംങ്ങളെ മന്ത്രി എംബി രാജേഷിന്റെ സാന്നിദ്ധ്യത്തിൽ നാട്ടുകാർ അനുമോദിച്ചു.
Comments