ന്യൂഡൽഹി : ഡൽഹിയിലെ ലീല പാലസിനെ കബളിപ്പിച്ച് കടന്നയാൾ ഒടുവിൽ പോലീസിന്റെ വലയിൽ. അബുദാബി രാജകുടുംബാംഗമെന്ന വ്യാജേന 23 ലക്ഷം രൂപയുടെ ബില്ലടയ്ക്കാതെ കടന്നുകളഞ്ഞ മുഹമ്മദ് ഷാഫി (41) ആണ് പിടിയിലായത്.
നാല് മാസത്തെ താമസത്തിന് ശേഷം ബില്ലടയ്ക്കാതെ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു ഇയാൾ. ലീല പാലസിനെയും പോലീസിനെയും ഒരു പോലെ വെട്ടിലാക്കിയ ഇയാൾ കർണാടകയിലെ ദക്ഷിണ കന്നടയിൽ വെച്ചാണ് അറസ്റ്റിലായത്. ആകെ 35 ലക്ഷം രൂപയിൽ 11 ലക്ഷം രൂപയാണ് ബില്ലിനത്തിൽ അടച്ചത്.
വ്യാജ ബിസിനസ്സ് കാർഡ്, യുഎഇ റെസിഡന്റ് കാർഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ എന്നിവ കാണിച്ചാണ് ഇയാൾ ഹോട്ടലിൽ കയറിപ്പറ്റിയത്. അബുദാബി രാജകുടുംബാഗമായ ഷേക്ക് ഫലാഹ് ബിൻ അൽ സൈദ് അൽ നഹ്യന്റെ സ്വന്തക്കാരനെന്ന് പറഞ്ഞ് ജീവനക്കാരെ കബളിപ്പിച്ചാണ് ഇയാൾ ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന് നാല് മാസത്തോളം ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കാണ് ഇന്ത്യയിൽ എത്തിയതെന്ന് ഹോട്ടൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു താമസം. പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയിതിട്ടുണ്ട്.
Comments