ഡൽഹി: ഭാരത് ജോഡോ യാത്രയിൽ പ്രധാനമായും ഉയർന്നു കേട്ട ചോദ്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. കന്യാകുമാരിയിൽ നിന്നും ആരംഭിച്ചതു മുതൽ കശ്മിരീൽ യാത്ര അവസാനിക്കുമ്പോൾ വരെയുള്ള രാഹുൽ ഗാന്ധിയുടെ അഭിമുഖങ്ങളിലെല്ലാം വിവാഹവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ, യോജിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയാൽ താൻ വിവാഹം കഴിക്കുമെന്ന് തുറന്നു പറയുകയാണ് വയനാട് എം.പി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെപ്പറ്റിയും സങ്കൽപ്പത്തിലുള്ള ഭാര്യയെപ്പറ്റിയും കോൺഗ്രസ് നേതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.
ഉടനെയെങ്ങാനും കല്ല്യാണം കഴിക്കാൻ താങ്കൾ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ‘യോജിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയാൽ ഞാൻ വിവാഹം കഴിക്കും. പങ്കാളിയെ കുറിച്ച് പ്രത്യേകിച്ച് സങ്കൽപ്പങ്ങളൊന്നുമില്ല. ബുദ്ധിശാലിയായ, സ്നേഹിക്കാൻ അറിയുന്ന പെൺകുട്ടിയാകണം എന്നുമാത്രം’ എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
കഴിഞ്ഞ ഡിസംബറിൽ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പങ്കാളി എങ്ങനെയുള്ള ആളാകണമെന്നുള്ള ചോദ്യത്തിന് സോണിയ ഗാന്ധിയുടേയും ഇന്ദിരാ ഗാന്ധിയുടേയും സ്വഭാവ സവിശേഷതകളുള്ള ആളാകണമെന്ന് രാഹുൽ പറഞ്ഞിരുന്നു. വിവാഹവുമായി ബന്ധപ്പെട്ടുള്ള രാഹുലിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എത്രയും വേഗം ചേർച്ചയുള്ള പെൺകുട്ടിയെ രാഹുൽ ഗാന്ധിയ്ക്ക് കണ്ടെത്താൻ കഴിയട്ടെ എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ ആശംസിക്കുന്നത്.
Comments