റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇത്തവണ ഒരാഴ്ച നീണ്ടു നിൽക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷങ്ങൾക്കാണ് ഭാരതം സാക്ഷിയാകുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ഓടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിച്ചിരുന്നു. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30നാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.
ഇപ്പോഴിതാ ജമ്മു കശ്മീരിലെ കുപ്വാരയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ പതാക തയ്യാറാക്കുന്ന പെൺകുട്ടികളുടെ വീഡിയോ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കുപ്വാരയിലെ നൈപുണ്യ വികസന കേന്ദ്രത്തിൽ എത്തി മേഖലയിലെ മുസ്ലീം പെൺകുട്ടികളാണ് ദേശീയ പതാക തയ്യാറാക്കുന്നത്.
വീഡിയോ കാണാം..
സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി തയ്യൽ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസുകളുടെ ഭാഗമായാണ് ദേശീയ പതാക നിർമാണം. ഇതിന്റെ ഭാഗമായി കുപ്വാര ജില്ലയിലെ 20 പെൺകുട്ടികൾ ദേശീയ പതാക തയ്യാറാക്കാൻ സന്നദ്ധരായി എത്തി. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇന്ത്യൻ ആർമിയുടെ പ്രയത്നങ്ങളെ അഭിനന്ദിച്ച പ്രദേശവാസികൾ തങ്ങളുടെ വീടുകളിൽ പതാകകൾ ഉയർത്തുമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഹർ ഘർ തിരംഗ ക്യാമ്പെയ്നിന് ശേഷം ഏറെ ആവേശത്തോടെയാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും റിപ്പബ്ലിക് ദിനത്തെ വരവേൽക്കുന്നത്.
Comments