ന്യൂഡൽഹി: രാജ്യത്തെ വിദ്യാർത്ഥികൾ വാർഷിക പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന സാഹചര്യത്തിൽ ആശങ്ക അകറ്റാൻ ‘പരീക്ഷ പേ ചർച്ച’യുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ച തന്റെയും പരീക്ഷയാണ് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി സംവാദം ആരംഭിച്ചത്. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരടക്കം ഏകദേശം 40 ലക്ഷത്തോളം പേരാണ് നരേന്ദ്ര മോദിയുമായി തത്സമയം സംവദിച്ചത്.
പരീക്ഷയല്ല ജിവിതമെന്നും,ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സമയത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. പരീക്ഷയെ പേടിക്കേണ്ടതില്ലെന്നും ലളിതമായി മാത്രം കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ അനാവശ്യമായി സമ്മർദ്ദത്തിലാക്കരുതെന്ന് രക്ഷിതാക്കൾക്കും അദ്ദേഹം ഉപദേശം നൽകി. കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യം കൈമുതലാക്കി മുന്നോട്ട് സഞ്ചരിച്ചാൽ വിജയം സുനിശ്ചിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സത്യസന്ധമായി മാത്രം പരീക്ഷ എഴുതണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഇഷ്ടവിഷയങ്ങൾക്ക് നൽകുന്നതിനൊപ്പം പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് അധിക സമയവും നൽകണമെന്നും പറഞ്ഞു. കോപ്പി അടിക്കുന്ന പ്രവണത നല്ലതല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളുടെ അമിത ഉപയോഗത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ഒരു ശരാശരി വിദ്യാർത്ഥി പരീക്ഷയ്‌ക്ക് എങ്ങനെ തയ്യാറെടുക്കാമെന്ന് ചർച്ചയിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥി പ്രധാനമന്ത്രിയോട് ചോദിക്കുകയുണ്ടായി.ഓരോരുത്തരും അവരവരുടെ കഴിവുകൾ തിരിച്ചറിയണം.അപ്രകാരം തിരിച്ചറിഞ്ഞ് അദ്ധ്വാനിച്ചാകണം വിജയം കൈവരിക്കേണ്ടതെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ചർച്ചയിൽ നിരവധി കുട്ടികളാണ് പ്രധാനമന്ത്രിയുമായി സംവദിച്ചത്. കുട്ടികളുടെ ഓരോ ചോദ്യങ്ങൾക്കും അനായാസമായ രീതിയിലും ചിന്തിപ്പിക്കുന്ന തരത്തിലുമായിരുന്നു സംവാദം നടത്തിയത്.
പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ചയുടെ ആറാം പതിപ്പാണ് ഡൽഹിയിൽ നടന്നത്. 38 ലക്ഷത്തിലേറെ കുട്ടികളാണ് ചർച്ചയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16 ലക്ഷത്തിലധികവും സ്റ്റേറ്റ് ബോർഡുകളിൽ പഠിക്കുന്നവരായിരുന്നു.
Comments