ലോകസുന്ദരികളെ കുറിച്ച് നിരവധി വാർത്തകൾ വരാറുണ്ട് . എന്നാൽ ലോകസുന്ദരനെ പറ്റിയോ . ബ്രിട്ട്ജർട്ടൺ എന്ന വെബ്സീരീസിലൂടെ പ്രശസ്തനായ നടൻ റെഗെ ഷോൺ പേയ്ജ് ലോകത്തിലെ ഏറ്റവും സുന്ദരനായ മനുഷ്യനെന്ന് ഗവേഷണം. ഗ്രീക്ക് ഗോൾഡൺ റേഷ്യോ അനുസരിച്ചുള്ള പരിശോധനയിൽ പേയ്ജിന്റെ മുഖലക്ഷണങ്ങൾ 93.65 ശതമാനം കൃത്യമെന്നാണ് കണ്ടെത്തൽ.
കമ്പ്യൂട്ടർ മാപ്പിങ് സംവിധാനമുപയോഗിച്ച് ഹാർളി സ്ട്രീറ്റ് ഫേഷ്യൽ കോസ്മെറ്റിക് സർജനായ ഡോ. ജൂലിയൻ ഡി സിൽവ നടത്തിയ സർവെയിലാണ് 34കാരനായ പേയ്ജിനെ ലോകസുന്ദരനായി തെരഞ്ഞെടുത്തത്.
ബ്രിട്ട്ജർട്ടണിൽ സൈമൺ ബാസെറ്റ് എന്ന കഥാപാത്രമായാണ് പേയ്ജ് വേഷമിട്ടത്. പേയ്ജിന് പിന്നാലെ ‘തോർ’ നായകൻ ക്രിസ് ഹെംസ് വർത്താണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ‘ബ്ലാക്ക് പാന്തർ’ വില്ലൻ മൈക്കിൾ ബി ജോർദൻ മൂന്നാം സ്ഥാനത്തും ഗായകൻ ഹാരി സെറ്റൈൽസ് നാലാം സ്ഥാനത്തുമുണ്ട്.
ശാരീരികമായി എന്തൊക്കെ ഘടകങ്ങളാണ് ഒരാളുടെ സൗന്ദര്യം നിശ്ചയിക്കുന്നതെന്നും അവർക്കാവശ്യമായ സർജറികൾ ചെയ്യാനും ഈ ടെക്നോളജിയിലൂടെ സാധിക്കുമെന്ന് ഡോ.സിൽവ പറയുന്നു.
‘മനോഹരമായ മുഖവും കൃത്യമായ ആകൃതിയിലെ ചുണ്ടും ബ്രൗൺ നിറത്തിലെ കണ്ണുകളും അവയുടെ സ്ഥാനവുമാണ് പേയ്ജിനെ പട്ടികയിൽ ഒന്നാമതെത്തിച്ചത്. മുഖപ്രഭാവം കൊണ്ട് പേയ്ജിന് തൊടുന്നതെല്ലാം പൊന്നാക്കാൻ സാധിക്കും’. മൂക്കിന്റെ ആകൃതിയിലും അളവിലും മാത്രമാണ് പേയ്ജിന് മാർക്ക് കുറഞ്ഞതെന്നാണ് സിൽവയുടെ വിലയിരുത്തൽ.
Comments