തിരുവനന്തപുരം : അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ കീഴിൽ പാലക്കാട് ഡിവിഷനിൽ നിന്നും 15 റെയിൽവേ സ്റ്റേഷനുകൾ. ഫറോക്ക്, വടകര, മാഹി, തലശ്ശേരി, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, പൊള്ളാച്ചി, ഒറ്റപ്പാലം, ഷോർണൂർ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം, നിലമ്പൂർ, കുറ്റിപ്പുറം, തിരൂർ എന്നീ റെയിൽവേ സ്റ്റേഷനുകൾക്ക് ഓരോന്നിനും 10 കോടി രൂപയുടെ വികസനം സാധ്യമാക്കും. രാജ്യത്ത് 1,000 റെയിൽവേ സ്റ്റേഷനുകൾ പദ്ധതിക്ക് കീഴിൽ വരുമെന്നും കേരളത്തിന്റെ റെയിൽവേ വികസനത്തിനൊപ്പം ഉണ്ടാകുമെന്നും ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ചെയർമാൻ പി.കെ കൃഷ്ണദാസ് പറഞ്ഞു.
സ്റ്റേഷനുകളുടെ നവീകരണത്തിനായി റെയിൽവേ മന്ത്രാലയം രൂപീകരിച്ച പുതിയ നയമായ ‘അമൃത് ഭാരത് സ്റ്റേഷൻ’ ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റിയെഴുതാൻ പോവുകയാണ്. ദീർഘകാല ഉപയോഗത്തിനായി, സ്റ്റേഷനുകളിൽ ലഭ്യമായ സൗകര്യങ്ങൾ പരമാവധി വിനിയോഗിച്ച് ലോകോത്തര നിലവാരത്തിലേക്ക് സ്റ്റേഷനുകളിൽ വികസനം നടപ്പിലാക്കും. ആയിരത്തിലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
റെയിൽവേ സ്റ്റേഷനുകളുടെ ആവശ്യത്തിനും രക്ഷാകർതൃത്വത്തിനും അനുസരിച്ചായിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഷനിൽ റൂഫ് പ്ലാസകളും നഗര കേന്ദ്രങ്ങളും സൃഷ്ടിക്കുന്നതിനായി മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുകയും ഘട്ടം ഘട്ടമായി നടപ്പിലാക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് പദ്ധതി.
▪️ഏറ്റവും മികച്ച സൗകര്യങ്ങൾ
‘അമൃത് ഭാരത് സ്റ്റേഷൻ’ സ്കീമിൽ തിരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കും. സ്റ്റേഷനിൽ നിലവിലുള്ള വിവിധ വെയ്റ്റിങ് ഹാളുകൾ കൂട്ടിച്ചേർക്കാനും യാത്രക്കാര്ക്ക് നല്കുന്ന സൗകര്യങ്ങൾ വികസിപ്പിക്കാനും നല്ല കഫറ്റീരിയയും റീട്ടെയിൽ സൗകര്യങ്ങളും ഒരുക്കാനും പദ്ധതി വഴി ശ്രമിക്കും. എക്സിക്യൂട്ടീവ് ലോഞ്ചുകൾക്കും ചെറുകിട ബിസിനസ് മീറ്റിംഗുകൾക്കുമുള്ള സ്ഥലങ്ങളും ഇവിടെയുണ്ടാകും.
പ്ലാറ്റ്ഫോം ഏരിയകളിലെ ഡ്രെയിനേജ് വളരെ പ്രധാനമാണ്. കഴിയുന്നത്ര ശുദ്ധിയാകുന്ന തരത്തിലുള്ള അഴുക്കുചാലുകൾ വയ്ക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം. സ്വാഭാവിക ചരിവുകൾ പര്യാപ്തമല്ലാത്ത ഇടങ്ങളിൽ അനുയോജ്യമായ ക്രോസ് ഡ്രെയിനുകൾ, പമ്പ് ക്രമീകരണം എന്നിവ നൽകാം
*ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ
റെയിൽവേ ബോർഡ് കാലാകാലങ്ങളായി പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് ഭിന്നശേഷിക്കാർക്ക് സൗകര്യങ്ങൾ ലഭ്യമാക്കുക.
എല്ലാ വിഭാഗത്തിലുള്ള സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്ക് മതിയായ എണ്ണം ശുചിമുറികൾ നല്കണമെന്നും നയത്തിൽ പറയുന്നു. ടോയ്ലറ്റുകളുടെ സ്ഥാനം സ്റ്റേഷൻ ഉപയോഗത്തിന് അനുയോജ്യവും എളുപ്പത്തിൽ കാണാവുന്നതും എത്തിപ്പെടുവാൻ സാധിക്കുന്നതും ആയിരിക്കണം.
▪️വൈഫൈ, എസ്കലേറ്ററുകൾ
NSG/1-4, SG/1-2 കാറ്റഗറി സ്റ്റേഷനുകള് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കണക്കിലെടുക്കാതെ എസ്കലേറ്ററുകൾ നൽകാം എന്നും ഉപയോക്താക്കൾക്ക് സൗജന്യ വൈഫൈ ആക്സസ് നൽകുന്ന തരത്തിലുള്ള വ്യവസ്ഥകൾ ഉണ്ടാക്കിയേക്കാം എന്നും നയത്തിൽ പറയുന്നു. മാസ്റ്റർ പ്ലാനിൽ 5G ടവറുകൾക്ക് അനുയോജ്യമായ ഇടങ്ങൾ ഉണ്ടായിരിക്കണം.
▪️ഉയർന്ന പ്ലാറ്റ്ഫോമുകൾ
എല്ലാ വിഭാഗം റെയിൽവേ സ്റ്റേഷനുകളിലും ഹൈ ലെവൽ പ്ലാറ്റ്ഫോമുകൾ (760 മുതൽ 840 മില്ലിമീറ്റർ വരെ) നൽകും. സാധാരണയായി പ്ലാറ്റ്ഫോമുകളുടെ നീളം 600 മീറ്റർ ആണ്. പ്ലാറ്റ്ഫോം പ്രദേശത്തെ ഡ്രെയിനേജ് സൗകര്യത്തിന് പ്രത്യേക ഊന്നൽ നൽകും.
Comments