പാലക്കാട്: കോഴിക്കൂട്ടിൽ കുടുങ്ങി പുലി ചത്തു. മണ്ണാർക്കാട് കോട്ടേപ്പാടത്ത് കുന്തിപ്പാടം പൂവത്താണി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. കോഴിക്കൂട് തകർത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തിയിരുന്നു.
എന്നാൽ, കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ പുലി കുടുങ്ങുകയായിരുന്നു. പുലിയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു നീക്കം. ഇതിനായി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സക്കറിയ എത്തിയ ശേഷം വെടി വെയ്ക്കാനായിരുന്നു നീക്കം. ഇതിനിടെ പുലി ചത്തു.
പുലിയുടെ ഒരു കാലിന് പരുക്കേറ്റിട്ടുണ്ട്. മരണകാരണം കണ്ടെത്താൻ മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ മണ്ണാർക്കാട്ടേക്ക് കൊണ്ടുപോയി. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് കോഴിക്കൂട്ടിൽ പുലി കുടുങ്ങിയത്.
Comments