രക്താർബുദം ബാധിച്ച് മോഷണ സംഘത്തിന്റെ തലവൻ ആശുപത്രിയിൽ. ചികിത്സയ്ക്ക് പണം കണ്ടെത്താൻ മോഷണ സംഘം മോഷ്ടിച്ചത് അമ്പതിലധികം ആഡംബര വാഹനങ്ങൾ. ചികിത്സയ്ക്ക് പണം കണ്ടെത്തിയതാവട്ടെ ആഡംബര വാഹനങ്ങൾ പൊളിച്ച് വിറ്റും.
മോഷണ സംഘത്തെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സഫീഖ്, മാജിം, രാം സജീവൻ, ലക്കി തുടങ്ങിയവരാണ് പൊലീസിന്റെ പിടിയിലായത്. അടുത്തിടെ ആനന്ദ് നികേതനിൽ നിന്ന് ഇന്നോവ ക്രിസ്റ്റ മോഷണം പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണ പരമ്പരയുടെ ചുരുൾ അഴിയുന്നത്.
അറസ്റ്റിന് ശേഷം മോഷണ സംഘത്തെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന് പിന്നിലെ കാരണം കേട്ട് പോലീസ് ശരിക്കും ഞെട്ടിയത്. ഇവരുടെ തലവനായി ആശിഷ് രക്താർബുദ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ലക്ഷങ്ങൾ ചെലവുള്ള ചികിത്സയാണ് നടക്കുന്നത്. ആശിഷിന്റെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ മോഷണം നടത്തുന്നത്. ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി വാഹനങ്ങൾ തങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. ആഡംബര വാഹനമായാലും പൊളിച്ച് ആക്രിയാക്കി വിൽക്കുകയാണ് ചെയ്യുന്നതെന്നും അംഗങ്ങൾ പോലീസിനോട് പറഞ്ഞു.
മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ അലിപൂരിലെ മഖ്മൽപൂർ ഗോഡൗണിലേക്കാണ് കൊണ്ടു പോകുന്നത്.
അവിടെ വെച്ചാണ് വാഹനങ്ങൾ പൊളിച്ച് ഭാഗങ്ങളാക്കുന്നത്. തുടർന്ന് ഗോഡൗണിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ നിരവധി ആഡംബര വാഹനങ്ങൾ പൊളിച്ച നിലയിൽ കണ്ടെത്തി.
Comments