ന്യൂഡൽഹി : ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയ്‌ക്ക് കീഴിൽ 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്ര, കൃഷി കാർഷിക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ. രാജ്യത്തെ 50 സ്ഥലങ്ങളിലായി 200 യോഗങ്ങൾ നടത്താനാണ് പദ്ധതിയിടുന്നത്. യോഗങ്ങളിൽ 2 ലക്ഷത്തോളം പ്രതിനിധികളാകും പങ്കുചേരുക. തുടക്കത്തിൽ ഡൽഹി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാകും യോഗം നടക്കുക.
രാജ്യത്തിന്റെ പാരമ്പര്യവും വൈവിധ്യവും പ്രതിനിധികൾ തിരിച്ചറിയണമെന്നതാണ് പ്രധാനമന്ത്രിയുടെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആഗോള ചർച്ചകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിൽ ജി-20 പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്നും കാലാവസ്ഥ വ്യതിയാനങ്ങളെ കുറിച്ചും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രവും പരാമ്പര്യവും വിളിച്ചോതുന്ന തരത്തിലാകും യോഗങ്ങളിലേക്ക് പ്രതിനിധികളെ സ്വാഗതം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ പാരമ്പര്യവും, സവിശേഷതകളും ചരിത്രവും ജി20 യോഗങ്ങൾ വഴി ആഗോള തലത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
ചണ്ഡീഗഡിൽ നടന്ന ഇന്റർനാഷണൽ ഫിനാൻഷ്യൽ ആർകിടെക്ചർ യോഗത്തിൽ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. തോമറും കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി പശുപതി കൂമാറും സംയുക്തമായി ചേർന്നാണ് യോഗം ഉദ്ഘാടനം ചെയ്തത്.
Comments