ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎസ് വിദേശകാര്യ വകുപ്പിലെ രാഷ്ട്രീയ കാര്യ ചുമതലയുള്ള അണ്ടർ-സെക്രട്ടറി വിക്ടോറിയ നൂലാൻഡുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ഇന്തോ-പസഫിക്കിനെയും കുറിച്ച് ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്ക്കുശേഷം എസ് ജയശങ്കർ ട്വീറ്റ് ചെയ്തു.
നയതന്ത്ര ചർച്ചകൾക്കായി കഴിഞ്ഞ ശനിയാഴ്ചയാണ് വിക്ടോറിയ നൂലാൻഡ് ന്യൂഡൽഹിയിലെത്തിയത്. ഇന്ത്യാ സന്ദർശന വേളയിൽ പൂർണമായ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങൾ ഉൾപ്പെടുന്ന ചർച്ചകൾ നടത്തും. രാജ്യത്തെ വിവിധ വിഷയങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവ സാങ്കേതിക വിദഗ്ദരെയും വിക്ടോറിയ ഇതിനോടനുബന്ധിച്ച് കാണും.
ഇന്ത്യ-യുഎസ് പങ്കാളിത്തവും സഹകരണവും മെച്ചപ്പെടുത്താൻ എല്ലാ വർഷവും നടത്തുന്ന ചർച്ചകളുടെ ഭാഗമായാണ് ഇപ്പോൾ നടത്തുന്ന ചർച്ചകളെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ചർച്ച 2022 മാർച്ചിൽ ആയിരുന്നു. അതേസമയം ഏഷ്യയെ മുൻനിർത്തിയുള്ള ഒരാഴ്ച നീളുന്ന യാത്രയിൽ ശ്രീലങ്ക, നേപ്പാൾ, ഖത്തർ എന്നീ രാജ്യങ്ങളും വിക്ടോറിയ നൂലാൻഡ് സന്ദർശിക്കും.
Comments