ഇസ്ലാമാബാദ്: പാകിസ്താന് വന്‍ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അന്താരാഷ്ട്ര നാണയിധി അധികൃതര്‍ രാജ്യത്ത് സന്ദര്‍ശനം നടത്തും. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഐഎംഎഫ് ഉദ്യോഗസ്ഥര്‍ പാകിസ്താനിലെത്തുന്നത്. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കുമോയെന്ന് ഭയന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ സഹായം പാകിസ്താന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതെന്നാണ് വിവരം.
സൗഹൃദത്തിലുള്ള ഒരു രാജ്യവും നിലവിലെ അവസ്ഥയില്‍ പാകിസ്താനെ സഹായിക്കാനില്ല എന്നതും പ്രതിസന്ധിക്ക് കാരണമാണ്. ആഹാര സാധനങ്ങളുടെയും മറ്റ് ഉത്പന്നങ്ങളുടെയും വിലവര്‍ധനവിന് പുറമേ പെട്രോളിന്റെ വിലയും രാജ്യത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഭരണണ്കൂടത്തിന്റെ കെടുകാര്യസ്ഥത കാരണം സമ്പദ്വ്യവസ്ഥ തകിടം മറിഞ്ഞുവെന്നാണ് പ്രധാന ആക്ഷേപം. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ വരും ദിവസങ്ങള്‍ പാകിസ്താനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ രാജ്യമായ പാകിസ്താന് സ്റ്റേറ്റ് ബാങ്കില്‍ 3.7 ബില്യണ്‍ ഡോളറില്‍ താഴെ മാത്രമാണ് സമ്പാദ്യമുള്ളത്. മൂന്ന് ആഴ്ചത്തെ ഇറക്കുമതിക്ക് മാത്രമേ ഈ തുക തികയുകയുള്ളൂ. രൂപയുടെ മൂല്യത്തകര്‍ച്ചയും ഇറക്കുമതി തടയലും രാജ്യത്തെ വ്യവസായ മേഖലയെ കാര്യമായി ബാധിച്ചിരിക്കുകയാണ്. നിര്‍മ്മാണ പദ്ധതികള്‍ മിക്കവയും നിലച്ചു കഴിഞ്ഞു. തുണി ഫാക്ടറികള്‍ ഭാഗികമായി അടച്ചുപൂട്ടി. ആഭ്യന്തര നിക്ഷേപം മന്ദഗതിയിലുമായി. അതിനിടെയാണ് കടുത്ത ഊര്‍ജ്ജ ക്ഷാമത്തില്‍ പാകിസ്താന് എത്തിയത്. ദൈനംതദിന കാര്യങ്ങള്‍ പോലും പ്രതിസന്ധിയിലായ രാജ്യത്തിന് ഇനി ഐഎംഎഫിന്റെ സഹായത്തില്‍ മാത്രമാണ് ഏകപ്രതീക്ഷ.
Comments