കോട്ടയം: ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് കൗൺസിലർമാരുടെ പിന്തുണ. കോട്ടയം ഈരാറ്റുപേട്ട നഗരസഭയിലാണ് സംഭവം. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത ഇപി അൻസാരിയെയാണ് യുഡിഎഫ് അംഗങ്ങൾ പിന്തുണച്ചത്. അൻസാരിയ്ക്ക് ആറ് മാസം അവധി നൽകണം എന്ന പ്രമേയത്തിലാണ് ഒരാൾ ഒഴികെ മറ്റെല്ലാ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചത്.
മുൻകാല പ്രാബല്യത്തോടെ അവധി അനുവദിക്കണമെന്ന വിഷയം അവതരിപ്പിച്ചത് എസ്ഡിപിഐ അംഗം നൗഫിയ ഇസ്മായിലാണ്. മുസ്ലീംലീഗിലെ മുതിർന്ന അംഗം പി.എം അബ്ദുൾ ഖാദർ വിഷയത്തെ പിന്തുണച്ചു. 27 അംഗ കൗൺസിലിൽ ഒൻപത് എൽഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐഎസ് പ്രവർത്തനത്തിന് സഹായം ചെയ്തതെന്ന് എൻഐഎ സത്യവാങ്മൂലം നൽകിയിരുന്നു. ഇവർ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഗൂഢാലോചന നടത്തിയെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
Comments