ന്യൂഡൽഹി ; ബോർഡർ-ഗവാസ്കർ ട്രോഫിക്ക് കീഴിലുള്ള നാലാം ടെസ്റ്റ് മത്സരം മാർച്ച് 9ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ഈ മത്സരം കാണാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും എത്തും . ഈ മത്സരം കാണാൻ പ്രധാനമന്ത്രി മോദി ആന്റണി അൽബനീസിനെ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ തട്ടകത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം കാണാൻ തന്നെ ക്ഷണിച്ചിട്ടുണ്ടെന്ന് സിഡ്നിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ അൽബനീസ് പറഞ്ഞു. ‘ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബിസിനസ് അവസരങ്ങൾ വർദ്ധിപ്പിക്കാനായി ഞങ്ങളുടെ പ്രതിനിധി സംഘം ഇന്ത്യയിലേക്ക് പോകുന്നുണ്ട് . ക്രിക്കറ്റ് ആഗോള ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ഈ മത്സരത്തിനും ഇന്ത്യാ സന്ദർശനത്തിനും ഞാൻ തയ്യാറാണ്. ‘ അദ്ദേഹം പറഞ്ഞു .
മാർച്ചിൽ നാല് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മാർച്ച് 9 മുതൽ 13 വരെ നാലാം ടെസ്റ്റ് മത്സരം നടക്കും. മാർച്ച് രണ്ടാം വാരം അൽബനീസ് ഇന്ത്യയിലെത്തും. ഡൽഹിയിൽ നടക്കുന്ന വ്യാപാര പ്രതിനിധി യോഗത്തിലും അദ്ദേഹം പങ്കെടുക്കും. 2022 മെയ് മാസത്തിൽ അദ്ദേഹം പ്രധാനമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
Comments