മുംബൈ : ഭീകരാക്രമണ ഭീഷണിയുമായി അജ്ഞാത ഭീകരന്റെ ഈമെയിൽ സന്ദേശം. മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സ്വയം താലിബാൻ ഭീകരനെന്ന് പറഞ്ഞ് അജ്ഞാതന്റെ ഈമെയിൽ സന്ദേശം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ എൻഐഎയും മുംബൈ പോലീസും ഉൾപ്പെടുന്ന സംയുക്ത സംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിവരികയാണ്.
സംസ്ഥാനത്ത് മുൻപും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരിയിൽ മുംബൈ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ ടൈം ബോംബ് വെച്ചിട്ടുണ്ടെന്നുളള അജ്ഞാത സന്ദേശം സ്കൂൾ അധികൃതർക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വർഷം നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന അജ്ഞാത ഫോൺ സന്ദേശം പോലീസിന് ലഭിച്ചിരുന്നു. അതേസമയം അജ്ഞാത ഭീകരാക്രമണ ഭീക്ഷണിയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു.
Comments