എറണാകുളം: ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സംഭവം. വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നകേസിൽ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെയാണ് പോലീസ് കേസെടുത്തത്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് പോലീസ് നടപടി.
അനിൽകുമാർ ചില രേഖകൾ കാണിച്ച് ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് ഇവരോട് ആവശ്യപ്പെട്ടുവെന്നാണ് മുൻസിപ്പാലിറ്റി ജീവനക്കാരി പരാതിയിൽ പറയുന്നത്. ഇവർ നടത്തിയ പരിശോധനയിൽ ആശുപത്രിൽ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ്് കളമശ്ശേരി പോലീസിൽ ജീവനക്കാരി പരാതി നൽകിയത്.
സംഭവുമായി ബന്ധപ്പെട്ട് കളമശ്ശേരി മെഡിക്കൽ കോളേജ് അധികൃതർ ആശുപത്രിക്കുള്ളിൽ ഒരു അന്വേഷണം നടത്തിയിട്ടുണ്ട്. എന്നാൽ മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത് മറ്റൊരു വാദമാണ്. പരാതിക്കാരിക്കെതിരെയും ആശുപത്രി ജീവനക്കാരനെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പോലീസിൽ നൽകിയ പരാതിയിലെ ആവശ്യം. അനിൽ കുമാർ കഴിഞ്ഞ ദിവസങ്ങളിൽ പ്രസവവാർഡുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്നിടത്തെത്തിയെന്നും. തിരുവനന്തപുരത്ത് ജനനസർട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കൊരു പരിശീലനമുണ്ടെന്ന വ്യാജേനെ ജനന സർട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം സംഘടിപ്പിക്കുകയും ചെയ്തുവെന്നാണ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തൽ.
അതേസമയം പരാതി നൽകിയ മുനിസിപാലിറ്റി ഓഫീസിലെ ജീവനക്കാരിക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. വിവരമറിഞ്ഞിട്ടും 24 മണിക്കൂറിനുള്ളിൽ ജീവനക്കാരി മെഡിക്കൽ കോളേജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും ആശുപത്രി അധികൃതരാണ് പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തിയതെന്നുമാണ് മെഡിക്കൽ കോളേജ് ഭാഷ്യം. അതിനാൽ പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് മെഡിക്കൽ കോളേജിന്റെ ആവശ്യം. വ്യാജ ജനനസർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോൾ തന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നു.
Comments