രാജ്‌കോട്ട് : ബിസിനസ് ആവശ്യത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയ ഗുജറാത്ത് സ്വദേശിയെ ജോഹന്നാസ്ബർഗ് വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി. കേയൂർ മല്ലി എന്ന 28 കാരനെയാണ് പാക് പൗരന്മാർ തട്ടിക്കൊണ്ടുപോയത് .കുടുംബം 30 ലക്ഷം രൂപ മോചനദ്രവ്യം നൽകിയതിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.
ചില സ്ക്രാപ്പ് മെറ്റീരിയലുകൾ ഇറക്കുമതി ചെയ്യാനാണ് താൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കേയൂർ മല്ലി പറഞ്ഞു. ജനുവരി 20 ന് രാവിലെ ജോഹന്നാസ്ബർഗ് എയർപോർട്ടിൽ ഇറങ്ങിയ കെയൂരിനെ ടാക്‌സി ഡ്രൈവർമാരായി നാല് പേർ തട്ടിക്കൊണ്ടുപോയി. തുടർന്ന് തട്ടിക്കൊണ്ടുപോയവർ ഒന്നര കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു . എന്നാൽ അത്രയും തുക ഇല്ലെന്ന് വ്യക്തമാക്കുകയും, ഒടുവിൽ തുക 30 ലക്ഷം രൂപ നൽകാമെന്ന് പറയുകയും ചെയ്തു . ഇതനുസരിച്ച് പണം നൽകിയ ശേഷമാണ് തന്നെ വിട്ടയച്ചതെന്നും കേയൂർ മല്ലി പറഞ്ഞു.
തന്നെ തട്ടിക്കൊണ്ടുപോയ നാലുപേരും പാകിസ്ഥാൻ പൗരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. “എന്റെ പിതാവ് അവർക്ക് പണം നൽകിയപ്പോൾ അവർ വിമാനത്താവളത്തിൽ തന്നെ വിട്ടിട്ടു പോയി . ദക്ഷിണാഫ്രിക്കൻ പോലീസ് എന്നെ സഹായിക്കുകയും വൈദ്യപരിശോധനയ്‌ക്ക് ശേഷം രാജ്കോട്ടിലേക്ക് മടങ്ങാൻ സഹായിക്കുകയും ചെയ്തു,” കേയൂർ പറഞ്ഞു.
തട്ടിക്കൊണ്ടുപോയതായി മകൻ അറിയിച്ചതിനെത്തുടർന്ന് പിതാവ് പ്രഫുല്ലഭായ് മല്ലി രാജ്‌കോട്ട് പോലീസുമായി ബന്ധപ്പെടുകയും അവർ ദക്ഷിണാഫ്രിക്കൻ പോലീസുമായി ബന്ധപ്പെടുകയും 24 മണിക്കൂറിനുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കേയൂർ പറഞ്ഞു. മോചനദ്രവ്യമായി നൽകിയ 30 ലക്ഷം രൂപ ഇതുവരെ തിരികെ ലഭിച്ചിട്ടില്ലെന്നും രാജ്‌കോട്ട് പോലീസ് തങ്ങൾക്ക് തുക തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചതിനെ തുടർന്ന് രാജ്‌കോട്ട് പോലീസ് ഉടൻ ജോഹന്നാസ്ബർഗിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു. അവരാണ് ദക്ഷിണാഫ്രിക്കൻ പോലീസിനെ വിവരമറിയിച്ചത് . പിന്നീട് രാജ്‌കോട്ട് പോലീസ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായും കെയൂരിനെ സുരക്ഷിതമായി മോചിപ്പിക്കാൻ ജോഹന്നാസ്ബർഗിലെ ഇന്ത്യൻ കോൺസുലേറ്റിന് നിർദ്ദേശം നൽകിയതായും പ്രഫുല്ലഭായ് മല്ലി വെളിപ്പെടുത്തി.
Comments