തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ഡീസൽ ബസുകൾ എൽഎൻജിയിലേക്ക് മാറ്റാൻ തീരുമാനം . ഗുജറാത്ത് ആർടിസിയുടെ മാതൃകയിലാണ് ബസുകൾ എൽഎൻജിയിലേക്ക് മാറ്റുന്നത്. വഡോദരയിലെ ജിഎസ്ആർടിസിയുടെ എല്‍എന്‍ജി ബസുകള്‍ ഗതാഗത മന്ത്രി ആന്റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തിലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസിയുടെ അഞ്ച് ബസുകൾ എൽഎൻജിയിലേക്ക് മാറ്റാനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്. എൽഎൻജി ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റർ മൈലേജ് ഉണ്ട്. അതേസമയം കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ് ലഭിക്കുന്നത് . ഗെയിലും സ്വകാര്യ കമ്പനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ഗുജറാത്ത് ആര്‍ടിസിക്കായി ബസുകൾ എല്‍എന്‍ജിയാക്കി മാറ്റിയത്.
കെഎസ്ആർടിസിയിലെ 10 ഡ്രൈവർമാരെ എൽഎൻജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കാനും തീരുമാനിച്ചു.ഗെയില്‍ ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് ഉടനെ ചർച്ച നടത്തും. എൽഎൻജിയുടെയും, സിഎൻജിയുടെയും വില കുറയുന്നതിന് അനുസരിച്ചാവും പരിവർത്തനം നടത്തുന്നത്.
ക്രമേണ 1000 ബസുകൾ സിഎൻജിയിലേക്ക് മാറ്റും. പൊതുവിപണിയിൽ കിലോയ്ക്ക് 91 രൂപ വിലയുള്ള സിഎൻജി 70 രൂപയ്ക്ക് കെഎസ്ആർടിസിക്ക് നൽകാമെന്ന് വിതരണക്കാർ അറിയിച്ചിരുന്നു.
Comments