ന്യൂഡൽഹി : മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. വൈറൽ വീഡിയോകളും ഫോട്ടോകളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട് . ഇപ്പോൾ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയെ വിലകുറച്ച് കാണരുതെന്ന് ആഗോള മാദ്ധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആനന്ദ് മഹീന്ദ്ര.
“വ്യാപാര മേഖലയിലെ നിലവിലെ വെല്ലുവിളികൾ ആഗോള സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെ തകർക്കുമോ എന്ന് ആഗോള മാദ്ധ്യമങ്ങൾ ചിന്തിക്കുന്നു. ഭൂകമ്പങ്ങളും വരൾച്ചകളും മാന്ദ്യങ്ങളും യുദ്ധങ്ങളും തീവ്രവാദി ആക്രമണങ്ങളും ഞാൻ പലതവണ കണ്ടിട്ടുണ്ട്. എനിക്ക് പറയാനുള്ളത് ഇന്ത്യയെ ഒരിക്കലും വിലകുറച്ച് കാണരുത് എന്നാണ്. “ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു
ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . പിന്നാലെ അമേരിക്കൻ ഗവേഷണ കമ്പനിയായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്ക് അദാനി ഗ്രൂപ്പ് മറുപടി നൽകി. 413 പേജുള്ള മറുപടിയിൽ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് കമ്പനി വ്യക്തമാക്കി . ഈ ആരോപണങ്ങൾ ഇന്ത്യയ്ക്കും അവരുടെ കമ്പനികൾക്കും രാജ്യത്തിന്റെ വികസനത്തിനും നേരെയുള്ള ആസൂത്രിത ആക്രമണമാണെന്നും കമ്പനി പറഞ്ഞിരുന്നു.
Comments