ന്യൂഡൽഹി: കൊളീജിയം ശുപാർശ ചെയ്ത അഞ്ച് പുതിയ സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിന് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപദി മുർമു. ശുപാർശ കേന്ദ്രം അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. പുതിയ ജഡ്ജിമാർക്ക് നിയമ മന്ത്രി കിരൺ റിജിജു അഭിനന്ദനങ്ങൾ അറിയിച്ചു.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായ പങ്കജ് മിത്തൽ, പട്‌ന ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, പട്‌ന ഹൈക്കോടതി ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് മനോജ് മിശ്ര എന്നിവരാണ് പുതിയതായി നിയമിക്കപ്പെട്ട സുപ്രീം കോടതി ജഡ്ജിമാർ. ഇവർ അടുത്ത ആഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആകും. നിലവിൽ ചീഫ് ജസ്റ്റിസ് അടക്കം 27 ജഡ്ജിമാരാണ് സുപ്രീം കോടതിയിലുള്ളത്. രണ്ട് ജഡ്ജിമാരുടെ പേരുകൾ കൂടി പരിഗണനയിലുണ്ടെന്നാണ് വിവരം.
കൊളീജിയം ശുപാർശ ചെയ്ത അഞ്ച് പുതിയ ജഡ്ജിമാരെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു നിയമനം. കഴിഞ്ഞ മാസമാണ് കൊളീജിയം മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും രണ്ട് ജഡ്ജിമാരുടെയും പേരുകൾ സുപ്രീം കോടതിയിലേക്ക് ശുപാർശ ചെയ്തത്. പരിഗണനയിലുള്ള രണ്ട് പേരുകൾ ഉടൻ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.
Comments