ന്യൂഡൽഹി: അനശ്വര ഗായിക വാണി ജയറാമിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗായികയുടെ സ്വരമാധുര്യവും മികച്ച സൃഷ്ടികളും എക്കാലവും ഓർമ്മിക്കപ്പെടുന്നതാണ്. വിവിധ ഭാഷകളിൽ വാണി ജയറാം തന്റെ കഴിവ് തെളിയിച്ചതാണെന്നും വ്യത്യസ്ത അനുഭൂതികൾ തന്മയത്തത്തോടെ അവതരിപ്പിക്കാൻ അതുല്യപ്രതിഭയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാണി ജയറാമിന്റെ വിയോഗം കലാലോകത്തിന് തീരാനഷ്ടമാണെന്നും കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തമിഴ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി പതിനായിരത്തോളം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. ഹിന്ദിയിൽ ആലപിച്ച ‘ബോലെ റെ പാപ്പിഹാര’ ഗാനമാണ് വാണിയെ പ്രശസ്തയാക്കിയത്. ഒടുവിൽ രാജ്യം പത്മഭൂഷൺ പുരസ്‌കാരവും അതുല്യ ഗായികയ്‌ക്ക് പ്രഖ്യാപിച്ചിരുന്നു. സംഗീത ആസ്വാദകർക്ക് എക്കാലവും പ്രിയപ്പെട്ടതാണ് വാണി ജയറാമിന്റെ സ്വരമാധുര്യം. സ്വവസതിയിൽ വച്ച് അപ്രതീക്ഷിതമായിട്ടായിരുന്നു വാണി ജയറാം ലോകത്തോട് വിടപറഞ്ഞത്.
Comments