രാജ്കോട്ട് ; ധീരതയ്ക്ക് പ്രായം തടസ്സമല്ലെന്ന് കാട്ടിത്തരികയാണ് രാജ്കോട്ടിൽ നിന്നുള്ള പതിനേഴുകാരി ഭാർഗവി വ്യാസ് . ഓടിക്കൊണ്ടിരിക്കുന്ന സ്കൂൾ ബസിന്റെ ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് സ്റ്റിയറിങ്ങിൽ കുഴഞ്ഞുവീണപ്പോൾ ഭാർഗവി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു . നഗരത്തിൽ വൻ ദുരന്തം ഉണ്ടായേക്കാവുന്ന സാഹചര്യമാണ് ഇതോടെ ഒഴിവായത്.
കഴിഞ്ഞ ദിവസം രാജ്കോട്ടിനടുത്ത് ട്രാംബയിൽ ഭരദ് ഡേ സ്കൂൾ ബസ് ഡ്രൈവർ ഹരുൺഭായ് ഖിമാനി വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോകാൻ ഉച്ചയ്ക്ക് ഒരുമണിയോടെ എത്തി . ഭാർഗവി വ്യാസും ആദ്യം തന്നെ ബസിൽ കയറിയിരുന്നു.
എന്നാൽ, ബസ് ഗോണ്ടൽ റോഡിൽ മക്കം ചൗക്കിനടുത്തെത്തിയപ്പോൾ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ രണ്ട് വാഹനങ്ങളിലും ബസ് ഇടിച്ചു . അതോടെ ഭാർഗവി ഡ്രൈവറുടെ അടുത്ത് വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോഴേക്കും ഡ്രൈവർ കുഴഞ്ഞ് ബസിന്റെ സ്റ്റിയറിങ്ങിൽ തല താഴ്ത്തി ഇരുന്നു .
പിന്നീട് ഭാർഗവി ധൈര്യം സംഭരിച്ച് സ്റ്റിയറിംഗ് നിയന്ത്രണം ഏറ്റെടുത്തു . കാൽനടയാത്രക്കാർക്ക് നേരെ പോവുകയായിരുന്ന ബസ് സബ് സ്റ്റേഷനിലേക്ക് ഇടിച്ചു നിർത്തി . സ്ഥലത്തുണ്ടായിരുന്ന ആളുകൾ ചേർന്ന് ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ ഒട്ടേറെ പേരാണ് ഭാർഗവിയെ അഭിനന്ദിക്കാൻ എത്തുന്നത് .
Comments