ശ്രീനഗർ: ഖേലോ ഇന്ത്യ വിന്റർ പതിപ്പിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കശ്മീരിലെ ഗുൽമാർഗ്. താഴ്വരയുടെ വടക്കൻ മേഖലയാണിത്. ഫെബ്രുവരി 10ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 1500 -ലധികം കായിക താരങ്ങൾ പങ്കെടുക്കും. അടുത്തിടെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂറും ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും ചേർന്ന് മൂന്നാമത് ഖേലോ ഇന്ത്യ ദേശീയ വിന്റർ ഗെയിംസ് ഗാനവും ചിഹ്നവും ജേഴ്സിയും പുറത്തിറക്കിയിരുന്നു. ഗുൽമാർഗ് ഒരു ‘സ്പോർട്സ് സിറ്റി’ ആയി മാറിയതിൽ സന്തോഷമുണ്ടെന്നും പരിപാടിയിൽ അവർ പറഞ്ഞു.
2019ൽ ഭരണഘടനയിലെ 370-ാം ആർട്ടിക്കിൾ റദ്ദാക്കിയ ശേഷമാണ് കശ്മീരിൽ വിന്റർ ഗെയിംസ് എന്ന ആശയം നടപ്പിലാക്കിയത്. ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ ആദ്യ പതിപ്പ് 2020 ഫെബ്രുവരിയിലും മാർച്ചിലുമായി ലേയിലും ഗുൽമാർഗിലും നടന്നിരുന്നു. ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യത്തെ കായിക പരിപാടി ആയിരുന്നു ഇത്.
സ്കീയിംഗ്, ആൽപൈൻ സ്കീയിംഗ് എന്നിവ ഉൾപ്പെടുന്ന ശൈത്യകാല കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ചതാണ് ഖേലോ ഇന്ത്യ വിന്റർ ഗെയിംസ്. നോർഡിക് സ്കീയിംഗ്, സ്നോ റഗ്ബി, ഐസ് സ്റ്റോക്ക് സ്പോർട്സ്, സ്നോ ബേസ്ബോൾ, മലകയറ്റം, സ്നോഷൂ റണ്ണിംഗ്, ഐസ് ഹോക്കി, ഫിഗർ സ്കേറ്റിംഗ്, സ്പീഡ് സ്കേറ്റിംഗ് എന്നീ കായിക വിനോദങ്ങൾ രാജ്യത്തുടനീളമുള്ള യുവാക്കൾക്കിടയിൽ വിന്റർ ഗെയിംസിലൂടെ ജനപ്രിയമാക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
Comments