ഇസ്താംബുൾ: ഭൂകമ്പത്തിന്റെ ചൂട് കത്തിപ്പടരുന്ന തെക്കൻ തുർക്കിക്ക് നേരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രകോപന പോസ്റ്റുകൾ. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തതായി തുർക്കി പോലീസ് അറിയിച്ചു.
തീവ്ര ഭൂചലനമുണ്ടാവുകയും ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ വീണ്ടും ഭയവും പരിഭ്രാന്തിയും നിറയ്ക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിച്ച പ്രകോപന പോസ്റ്റുകളിലേക്ക് പോലീസ് എത്തിയത്. തുടർന്ന് പോസ്റ്റുകൾ തയ്യാറാക്കിയവരെ കണ്ടെത്തുകയും നാലുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
പോസ്റ്റിട്ട അക്കൗണ്ടുകളെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ പോസ്റ്റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ടർക്കിഷ് സമൂഹ മാദ്ധ്യമങ്ങളിൽ ഭൂകമ്പ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള പോസ്റ്റുകൾ നിറയുകയാണ്. സഹായം തേടുന്നവരുടെ വിലാസവും സ്ഥല വിവരങ്ങളും ഉടനടി കണ്ടെത്തുകയും പെട്ടെന്നുതന്നെ സഹായമെത്തിക്കുകയും ചെയ്യുന്നുണ്ടെന്ന് സന്നദ്ധ സേനകൾ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഭൂകമ്പം തുർക്കിയിൽ ഉണ്ടായത്. തുർക്കിയിലും സിറിയയിലുമായി 5000 പേരോളം മരണപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടും തണുപ്പിൽ അഭയം പ്രാപിക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുകയാണ് ഒരു കൂട്ടം ജനങ്ങൾ.
Comments