തിരുവനന്തപുരം: ബജറ്റ് ചർച്ചയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മറുപടി പ്രസംഗം ഇന്ന്. ബജറ്റിലെ നികുതി നിർദേശങ്ങളിൽ ഇളവ് വരുത്താൻ സർക്കാർ തയ്യാറാകുമോ എന്നുള്ള കാര്യത്തിൽ ഇതോടെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നെങ്കിലും ഇന്ധന വിലയിലെ സെസ് അടക്കം നിർദേശിക്കപ്പെട്ട പ്രധാന നികുതികൾ ഒഴിവാക്കാൻ കഴിയില്ലെന്നതാണ് സർക്കാർ നിലപാട്.
സമസ്ത മേഖലയിലും നികുതി വർദ്ധിപ്പിച്ചാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിച്ചത്. മലയാളികളുടെ നട്ടെല്ലൊടിക്കുന്ന നികുതി വർദ്ധനവിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ എന്ന പേരിൽ ഇന്ധന വിലയ്‌ക്കൊപ്പം 2 രൂപ കൂടി ലിറ്ററിന് സെസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് നിയമസഭയിലേക്കും സെക്രട്ടറിയേറ്റിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി പ്രതിഷേധ സമരങ്ങളും നടന്നിരുന്നു.
പ്രതിഷേധങ്ങൾ സർക്കാർ മുഖവിലയ്‌ക്കെടുക്കുമോ എന്ന കാര്യത്തിൽ ഇന്ന് നിയമസഭയിൽ നടക്കാനിരിക്കുന്ന ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ വ്യക്തത വരും. ബജറ്റിന് മേലുള്ള പൊതുചർച്ചയ്‌ക്ക് നിയമസഭയിൽ വൈകിട്ടാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ മറുപടി.
ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം എന്നത് കുറയ്‌ക്കണമെന്നും അടച്ചിട്ട വീടുകൾക്കുള്ള പ്രത്യേക നികുതി ഒഴിവാക്കണമെന്നും ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നികുതി നിർദേശങ്ങൾക്കെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ സത്യഗ്രഹ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. നികുതി നിർദേശങ്ങളിൽ നിന്ന് സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന.
Comments