എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ തൃശൂർ സ്വദേശിയെ പിടികൂടി.
ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. അര കിലോ സ്വർണ്ണമാണ് പിടിച്ചത്. രണ്ട് മാലകളാക്കി പാൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ഗർഭ നിരോധന ഉറകളിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ പാലക്കാട് സ്വദേശി മുഹമ്മദ് അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് വരുന്ന വഴിയാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. മൂന്ന് ഗർഭ നിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
Comments