തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരം കൊച്ചുള്ളൂരിലെ ബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തിന് സമീപമുള്ള വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. തകർന്ന ജനലിനോട് ചേർന്നും വീടിന് പിന്നിലെ പടികളിലും പ്രദേശത്തും ചോരത്തുള്ളികളുണ്ടായിരുന്നു. ജനൽ ചില്ലുകൾ തകർക്കുന്നതിനിടയിൽ മുറിഞ്ഞതാകമെന്നാണ് പൊലീസ് നിഗമനം.
വീടിന് സമീപം കേന്ദ്രമന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. ആക്രമണം നടക്കുന്ന സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രാത്രിയിലാണ് ആക്രമണം നടന്നത്. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ജനൽ ചില്ലുകൾ പൊട്ടിയ നിലയിൽ കണ്ടത്.
മോഷണ ശ്രമത്തിന്റെ സാധ്യത അന്വേഷിക്കുമെന്ന് പൊലീസ് പറയുമ്പോഴും ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമമാണ് അക്രമം എന്നും വാദം ഉയരുന്നുണ്ട്. ഡിസിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments