കോട്ട: രാജസ്ഥാനിലെ ജലവാറിൽ അഞ്ച് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ 27 കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് ജലവാറിലെ പോക്സോ കോടതി. കൂടാതെ പ്രതിക്ക് 10,000 രൂപ പിഴയും കോടതി വിധിച്ചു.
എക്ലേറ പോലീസ് സ്റ്റേഷൻ പരിധിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ഗോലു നിരവധിതവണ ബലാത്സംഗം ചെയുകയായിരുന്നു. സംഭവത്തിൽ ജലവാർ ജില്ലയിലെ രാംഗഞ്ജ്മണ്ഡി ടൗണിൽ താമസിക്കുന്ന ഗോലു എന്ന അഫ്താബ് പത്താനെയാണ് കോടതി ശിക്ഷിച്ചത്.
2018 മാർച്ചിൽ ചെയ്ത കുറ്റത്തിനാണ് പോക്സോ കോടതി-2 അഫ്താബിനെ ശിക്ഷിച്ചതെന്ന് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ ലാൽചന്ദ് മീണ പറഞ്ഞു. 2018 മാർച്ച് 25 ന് ഇരയുടെ സഹോദരൻ എക്ലേറ പോലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിലാണ് കേസ് എടുത്തത്. പെൺകുട്ടിയെ കാണാതായെന്നും അന്ന് 22 വയസ്സുള്ള ഗോലു അവളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്നും സഹോദരൻ പരാതിയിൽ സൂചിപ്പിച്ചിരുന്നു
തുടർന്ന് എട്ട് മാസത്തിന് ശേഷം രാംഗഞ്ച്മണ്ഡിയിലെ ഒരു കല്ല് ഫാക്ടറിക്ക് സമീപം നിന്ന് പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്നും ലാൽചന്ദ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയുടെയും അഞ്ച് മാസം ഗർഭിണിയാണെന്ന മെഡിക്കൽ പരിശോധനയുടെ റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ഐപിസി, പോക്‌സോ നിയമത്തിലെ വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
തട്ടിക്കൊണ്ടുപോകൽ, ആവർത്തിച്ചുള്ള ബലാത്സംഗം എന്നീ കുറ്റങ്ങളിൽ അഫ്താബ് പത്താൻ എന്ന ഗോലു കുറ്റക്കാരനാണെന്ന് പോക്‌സോ കോടതി പ്രത്യേക ജഡ്ജി മഹാവീർ പ്രസാദ് ഗുപ്ത കണ്ടെത്തി ഇന്നലെ ശിക്ഷ വിധിച്ചു. 19 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും 24 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതിയെ കോടതി വിധി വന്നതിന് ശേഷം ജയിലിലേക്ക് അയച്ചു.
Comments