ലക്നൗ: ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ സന്ദർശന വേളയിൽ വികസനത്തെയും നിക്ഷേപങ്ങളെയും കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഒരു കാലത്ത് ബിമാരു സംസ്ഥാനം എന്നായിരുന്നു അറിയപ്പെട്ടിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ബിമാരു’ എന്നാൽ രോഗി എന്നാണ് അർത്ഥം.
എന്നാൽ, ഉത്തർപ്രദേശ് ഇന്ന് എല്ലാ സംസ്ഥാനങ്ങൾക്കും ഒരു പ്രചോദനമാണ്. ലോകത്തിന് മുന്നിൽ ഇന്ത്യ ഒരു തിളക്കമുള്ള രാജ്യമാണെങ്കിൽ, ഇന്ത്യയുടെ ആ വളർച്ചയെ നയിക്കുന്നത് ഇന്ന് യുപിയാണ്. അഞ്ചോ ആറോ വർഷത്തിനുള്ളിൽ തന്നെ സ്വന്തമായ ഒരിടം ഉത്തർപ്രദേശ് സൃഷ്ടിച്ചു കഴിഞ്ഞു. ഇപ്പോൾ, മികച്ച ഭരണം, മെച്ചപ്പെട്ട ക്രമസമാധാനം, സമാധാനാന്തരീക്ഷം, സ്ഥിരത എന്നിവയ്‌ക്ക് യുപി പേരുകേട്ടിരിക്കുന്നു. വ്യവസായികൾക്കും നിക്ഷേപകർക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്ന സംസ്ഥാനമായി യുപി മാറി എന്നും നരേന്ദ്രമോദി പറഞ്ഞു.
അതേസമയം, രണ്ട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതുൾപ്പെടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. മുംബൈയിലെ മാറോളിൽ സ്ഥിതി ചെയ്യുന്ന അൽജാമിയ-തുസ്-സൈഫിയ അറബിക് അക്കാദമിയുടെ മുംബൈ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മുംബൈ സന്ദർശനമാണിത്. ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിലെ ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം കേന്ദ്ര ബജറ്റിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
Comments