കൊച്ചി: ഹോട്ടലുകളിൽ നല്ല ഭക്ഷണം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്നും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അവരുടെ അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തെ ആകെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്റോറന്റുകളും. ഭക്ഷണത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകും. കൃത്യത പാലിച്ചുപോകാൻ എല്ലാവരും തയ്യാറാകണം. ഹോട്ടലുകൾ നേരിടുന്ന പ്രധാനപ്രതിസന്ധി വിലക്കയറ്റമാണ്. വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ശ്രമമാണ് കേരളം നടത്തുന്നത്.
ഭക്ഷ്യപദാർഥങ്ങൾക്കു പോലും ജിഎസ് ടി ഏർപ്പെടുത്തിയിരിക്കുന്നു. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്നയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ നാട്ടിലെ ഭക്ഷണരീതികൾ പിന്തുടർന്നപ്പോൾ ഒന്നും ഇവിടെ പ്രശ്നം ഉണ്ടായിരുന്നില്ല. ഭക്ഷണകാര്യത്തിൽ വഴിവിട്ട നടപടികൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
Comments