ന്യൂഡൽഹി: ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിൽ സിപിഎം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
വർഷങ്ങളായി ത്രിപുരയിലെ ജനങ്ങളെ കൊള്ളയടിച്ചവർ ഇത്തവണ തിരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുമെങ്കിലും ഇരുവരും അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നില്ലെന്നും ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക്
തള്ളിവിടുകയാണെന്നും മോദി പറഞ്ഞു.
കോൺഗ്രസും ഇടത് പാർട്ടികളും സംസ്ഥാനത്തിന്റെ വികസനം ഇല്ലാതാക്കി. ത്രിപുരയെ സംഘർഷ മുക്തമാക്കി വികസനമെത്തിച്ചതും പുരോഗതിയിലേക്ക് നയിച്ചതും ബിജെപി സർക്കാരാണെന്നും അംബാസയിലെ പ്രചാരണ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രചാരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
Comments