പത്തനംതിട്ട: കുംഭമാസപൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിക്കും.ശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന ഇന്ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.
കുംഭം ഒന്നിന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമവും നടക്കും. തുടർന്ന് നെയ്യഭിഷേകം. 13 മുതൽ 17 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 5 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രതിരുനട 17-ന് രാത്രി 10 മണിക്ക് ഹരിവരാസനംപാടിഅടയ്ക്കും.
Comments