ബെംഗളൂരു:അന്തരിച്ച നടൻ പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിൽ സിനിമാ താരങ്ങളെയും കായികതാരങ്ങളെയും കൂടിക്കാഴ്ച നടത്തിയ അവസരത്തിലാണ് അദ്ദേഹം പുനീത് രാജ്കുമാരിന് അനുസ്മരണം രേഖപ്പെടുത്തിയത്. ഇന്ത്യൻ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്നതിൽ ദക്ഷിണേന്ത്യൻ സിനിമാ മേഖല വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി സിനിമാതാരങ്ങളോട് പറഞ്ഞു.
ഇവരെ കൂടാതെ സ്റ്റാർട്ടപ്പ് രംഗത്ത് മികവ് തെളിയിച്ചവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് താരം അനിൽ കുംബ്ലെ, നടൻമാരായ യാഷ്, റിഷബ് ഷെട്ടി എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. സിനിമകളുമായി ബന്ധപ്പെട്ട കോഴ്സുകൾ ഐടിഐകളിൽ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച നടത്തി.
ദേശീയ വിദ്യാഭ്യാസ നയം ഉൾപ്പെടെ കായിക പ്രതിഭകളെ സർക്കാർ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി കായികതാരങ്ങളോട് പറഞ്ഞു. സ്റ്റാർട്ടപ്പ് മേഖലയിലെ പ്രതിനിധികളുമായുള്ള ചർച്ചയിൽ, സ്റ്റാർട്ടപ്പുകളെ എങ്ങനെ കൂടുതൽ പിന്തുണയ്ക്കാമെന്നും ഇന്ത്യയിൽ ഒരു ഇന്നൊവേഷൻ ഇക്കോസിസ്റ്റം പരിപോഷിപ്പിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. എയ്റോ ഇന്ത്യയുടെ പതിനാലാമത് എഡിഷൻ ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തിയത്.
Comments