ന്യൂഡൽഹി : വിശാഖപട്ടണത്തും നിന്ന് ഹൈദരാബാദിലേക്ക് പോയ ഗോദാവരി എക്‌സ്പ്രസിന്റെ ആറ് കോച്ചുകൾ പാളം തെറ്റി. ബീബിനഗറിനും ഘട്‌കേസറിനും ഇടയിലാണ് സംഭവം. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പാളം തെറ്റിയ കോച്ചുകൾ വേർപെടുത്തി അതേ തീവണ്ടിയിൽ യാത്രക്കാരെ കയറ്റി വിടുകയാണെന്ന് അധികൃതർ പറയുന്നു.
അതേസമയം ജനുവരി 18ന് കോട്ടവലസ-അരകു സെക്ഷനിലെ ശിവലിംഗപുരം സ്റ്റേഷനിൽ വിശാഖപട്ടണം- കിരൺഡുൾ തീവണ്ടിയുടെ ജനറൽ കോച്ചിന്റെ ചക്രങ്ങൾ പാളം തെറ്റിയിരുന്നു. രാവിലെ 9.45 ന് തീവണ്ടി സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് പാളം തെറ്റിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. പാളം തെറ്റാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പാളം തെറ്റിയ ഉടൻ തന്നെ അധികൃതർ നടപടിയെടുക്കുകയും വിശാഖപട്ടണത്ത് നിന്ന് സഹായത്തിനായി മറ്റൊരു തീവണ്ടി ശിവലിംഗപുരം സ്റ്റേഷനിലേക്ക് എത്തുകയും ചെയ്തു. തുടർന്ന് പാളം തെറ്റിയ കോച്ച് തീവണ്ടിയിൽ നിന്ന് വേർപെടുത്തി കിരണ്ടുലിലേക്ക് യാത്ര പുനരാരംഭിച്ചു. അതേ ദിവസം ഉച്ചയ്‌ക്ക് 2 മണിയോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
Comments