ലക്നൗ: സുൽത്താൻപൂരിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ച് ഗതാഗതം തടസപ്പെട്ടു. ലക്നൗ-വാരാണസി, അയോധ്യ-പ്രയാഗ് രാജ് റൂട്ടുകളിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ആറ് കോച്ചുകൾ പാളം തെറ്റി. വ്യാഴാഴ്ച പുലർച്ചയാണ് അപകടമുണ്ടായത് എന്നാൽ അപകടത്തിൽ ആളപായമില്ല നാല് ലോക്കോ പൈലറ്റുമാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ സുൽത്താൻപൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെന്നും വിഷയം പരിശോധിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അപകടത്തിൽ നിരവധി റെയിൽവേ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും അധികൃതർ പറഞ്ഞു. കേടുപാടുകൾ സംഭവിച്ച പാളത്തിന്റെ അറ്റകുറ്റപണികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് സുൽത്താൻപൂർ വഴിയുള്ള ആറ് ട്രെയിനുകൾ റദ്ദാക്കുകയും പന്ത്രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും രണ്ടെണ്ണം പുനർക്രമീകരിക്കുകയും ചെയ്തു. ലക്നൗവിലും വാരാണസിയിലും ഹെൽപ്പ് ഡെസ്ക് ക്രമീകരിച്ചെന്നും എല്ലാ പ്രധാന സ്റ്റേഷനുകളിലും പ്രത്യേക റീഫണ്ട് കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments