ന്യൂഡൽഹി: പ്രധാനമന്ത്രിയെ നേരിട്ട് വിവാഹത്തിന് ക്ഷണിക്കാനെത്തി ഓയോയുടെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ റിതേഷ് അഗർവാൾ. തന്റെ അമ്മക്കും പ്രതിശ്രുത വധുവിനും ഒപ്പമാണ് റിതേഷ് വിവാഹത്തിന് ക്ഷണിക്കാൻ എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ അനുഗ്രഹത്തോടെ, ഞങ്ങൾ ഒരു പുതിയ തുടക്കത്തിനായി ഒരുങ്ങുകയാണ്. അദ്ദേഹം ഞങ്ങൾക്ക് നൽകിയ സ്വീകരണം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല എന്ന് റിതേഷ് അഗർവാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഉത്തർ പ്രദേശിൽ നിന്നുള്ള, സ്ത്രീശാക്തീകരണത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തന്റെ അമ്മ അദ്ദേഹത്തെ കാണാൻ സാധിച്ചതിൽ സന്തോഷവതിയാണെന്നും അഗർവാൾ കുറിച്ചു. പ്രധാനമന്ത്രിയുടെ വിലപ്പെട്ട സമയം തങ്ങൾക്കായി ചിലവഴിച്ചതിനും ആശംസകൾ അറിയിച്ചതിനും റിതേഷ് അഗർവാൾ നന്ദിയറിയിച്ചു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായ റിതേഷ് പത്തൊമ്പതാം വയസ്സിലാണ് ഒയോ റൂം സൗകര്യം സ്ഥാപിച്ചത്. 2013-ലാണ് ഓയോ റൂംസ് നിലവിൽവന്നത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുകയും ചെലവു കുറഞ്ഞതും വൃത്തിയുള്ളതുമായ താമസസൗകര്യം തേടുന്ന വിനോദസഞ്ചാരികളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതിന് ബജറ്റ് ഹോട്ടലുകളുടെ ഉടമകളുമായി ഒയോ സഹകരിക്കുന്നു. ഒയോ ഇപ്പോൾ 80 രാജ്യങ്ങളിലായി 800-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഹോട്ടൽ ശൃംഖലകളിലൊന്നായി ഒയോ മാറിയിരിക്കുകയാണ്.
Comments