ശ്രീനഗർ : ജമ്മു-ശ്രീനഗർ ദേശിയ പാത മണ്ണിടിച്ചിലിൽ വലഞ്ഞ് യാത്രക്കാർ. നൂറ് കണക്കിന് യാത്രക്കാരാണ് വഴിയിൽ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെടുകയും പ്രദേശവാസികൾ ഒറ്റപ്പെടുകയുമായിരുന്നു.
മൃതദേഹങ്ങളുമായി സഞ്ചരിച്ച രണ്ട് ആംബൂലൻസും നിത്യോപയോഗ സാധനങ്ങളുമായി സഞ്ചരിച്ച ട്രക്കുകളും ഹൈവേയിൽ കുടുങ്ങിയിരുന്നു. മണ്ണിടിച്ചിൽ നടന്ന് 30 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം അവിടെ നിന്നും മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. പ്രദേശവാസികളായ ചില സന്നദ്ധപ്രവർത്തകർ ശ്രീനഗറിൽ നിന്ന് ബനിഹാലിലേക്ക് മൃതദേഹം കൊണ്ടുപേകുന്നതിന് മുന്നിട്ടിറങ്ങുകയായിരുന്നു. റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ മുസ്സറത്ത് സിയ രക്ഷാപ്രവർത്തകരെ അഭിനന്ദിച്ചു.
ഹൈവേയിലെ സ്ഥിതിഗതികൾ മോശമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതരുടെ അറിയിപ്പുണ്ട്. ശ്രീനഗർ-ജമ്മു ദേശീയ പാതയാണ് ഇവിടെനിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള ഏക ഗതാഗത മാർഗം. അടിക്കിടെയുള്ള അടച്ചുപൂട്ടൽ, മണ്ണിടിച്ചിൽ എന്നിവ അടിസ്ഥാന ആവശ്യങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പ്രദേശത്ത് നാല് വരിപ്പാതയുടെ നിർമ്മാണം നടന്നുവരികയാണ്. നിരവധി സ്ഥലങ്ങളിൽ ബൂൾഡോസർ ഉപയോഗിച്ച് മണ്ണ് മാറ്റിയതാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments