കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂർ ജില്ലയിൽ പ്രവേശിച്ചിട്ടും സഹകരിക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഉദ്ഘാടന സമ്മേളനത്തിൽ നിന്നടക്കം ഇപി വിട്ടുനിന്നത് ചർച്ചയായിരുന്നു. കണ്ണൂരിൽ ജാഥ പ്രവേശിച്ചിട്ടും പ്രാദേശികമായി സംഘടിപ്പിക്കുന്ന ഒരു സ്വീകരണ പരിപാടിയിൽ പോലും ഇപി പങ്കെടുത്തില്ല.
എന്നാൽ വരും ദിവസങ്ങളിൽ ജാഥയിൽ ഇപി ജയരാജൻ പങ്കെടുക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകുന്ന വിശദീകരണം. വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും ഇനിയുള്ള ദിവസങ്ങളിൽ എൽഡിഎഫ് കൺവീനർ യാത്രയുടെ ഭാഗമാകുമെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
എംവി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറി ആകുന്നതിനോട് ഇപിയ്ക്ക് യോജിപ്പില്ലായിരുന്നു. പലവട്ടം അദ്ദേഹം അത് പ്രകടിപ്പിച്ചു. പി. ജയരാജൻ ഉയർത്തിയ റിസോർട്ട് അഴിമതി ആരോപണത്തിന് പിന്നിൽ എംവി ഗോവിന്ദനും പങ്കുണ്ടെന്നാണ് ഇ.പി ക്യാമ്പിന്റെ വിലയിരുത്തൽ.
Comments