കൊല്ലം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് പ്രണയം നടിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയയാൾ പിടിയിൽ. കൊല്ലം ജില്ലയിലെ ഓച്ചിറയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ക്ലാപ്പന അപ്പത്ത് വീട്ടിൽ മുഹമ്മദ് സൂഫിയാനെ ഓച്ചിറ പോലീസ് പിടികൂടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടായിരുന്നു പ്രതിയുടെ ലൈംഗിക അതിക്രമം. സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സമൂഹ മാദ്ധ്യമത്തിൽ വ്യാജ പേരും അക്കൗണ്ടും തയ്യാറാക്കിയാണ് ഇയാൾ പെൺകുട്ടിയെ കബളിപ്പിച്ചത്. പ്രണയം നടിച്ച് കുട്ടിയുമായി അടുപ്പം സ്ഥാപിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയതോടെ പ്രതി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഓച്ചിറ പോലീസിൽ പരാതി നൽകി.
പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയതോടെ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.
Comments